NAIR SOCIETY OF GREATER WASHINGTON

ചട്ടമ്പിസ്വാമികൾ (1853 - 1924 )

കേരളത്തിന്റെ ജീവ കാരുണ്യ ഗുരുവാണ് ചട്ടമ്പിസ്വാമികൾ. ‘വിദ്യാധിരാജൻ’ എന്നറിയപ്പെടുന്നു. സദ്ഗുരു, സർവജ്ഞൻ, ഋഷി, മഹാപ്രഭു, പരിപൂർണ കലാനിധി, വ്യാസനും ശങ്കരനും ചേർന്ന വ്യക്തിത്വം എന്നിങ്ങനെ പല വിശേഷണങ്ങൾ ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികൾക്ക് നൽകിയിട്ടുണ്ട്. 1853 ആഗസ്റ് 25 ന് തിരുവനന്തപുരത്ത് കണ്ണൻമൂലയിൽ ജനിച്ചു. നങ്ങമ്മ, താമരശ്ശേരി വാസുദേവ ശർമ എന്നിവരാണ് മാതാപിതാക്കൾ. ‘കുഞ്ഞൻപിള്ള’ എന്നാണു യഥാർത്ഥ നാമം. പഠന സാമർത്ഥ്യം കൊണ്ട് ചെറുപ്പകാലത്തുതന്നെ ‘വിദ്യാധിരാജൻ’ എന്ന അംഗീകാരം ജ്ഞാനപ്രജാഗരം സഭ 1875 -ൽ നൽകി. ‘ഉപാധ്യായൻ’ എന്ന അർഥത്തിൽ ‘ചട്ടമ്പി’ എന്ന സ്ഥാനം പാഠശാലയിൽ വെച്ചാണ് ലഭിച്ചത്. എല്ലാ മതങ്ങളുടേയും സാരം ഒന്നാണെന്ന് വ്യക്തമാക്കുന്ന ‘സർവ്വമത സാമരസ’മാണ് ചട്ടമ്പി സ്വാമികളുടെ ആദ്യത്തെ കൃതി. മലയാളത്തിന്റെ ആദ്യത്തെ വേദ നിരൂപണമായ ‘വേദാധികാര നിരൂപണം’ എഴുതിയത് ചട്ടമ്പി സ്വാമികളാണ്. ഏല്ലാവർക്കും അറിവ് നേടാനുള്ള അവകാശമുണ്ടെന്ന് ചട്ടമ്പി സ്വാമികൾ തെളിവുകളോടെ വ്യക്തമാക്കി. അഹിംസ ജന്മ സിദ്ധിയായി അറിഞ്ഞ സ്വാമികൾ ‘ജീവകാരുണ്യ നിരൂപണം’ എന്ന കൃതി എഴുതി. 1883 -ൽ ചട്ടമ്പി സ്വാമികളെ ശ്രീ നാരായണ ഗുരു സന്ദർശിക്കുകയും 1887 വരെ ഒപ്പം സഞ്ചരിയ്ക്കുകയും ചെയ്തു. 1892 -ൽ സ്വാമി വിവേകാനന്ദൻ ചട്ടമ്പി സ്വാമികളിൽ നിന്ന് ചിന്മുദ്രയെക്കുറിച്ചുള്ള ഉപദേശം സ്വീകരിച്ചു. നീലകണ്ടഠം തീർത്ഥപാദർ, തീർത്ഥപാദ പരമഹംസർ തുടങ്ങിയവർ പ്രധാന ശിഷ്യന്മാരാണ്. 1924 മെയ് 5 ന് കൊല്ലം ജില്ലയിലെ പന്മനയിൽ സമാധിയായി.

——————————————————————–ഡോക്ടർ സുരേഷ് മാധവ്