സാമൂഹിക വിപ്ലവകാരിയും എൻ . എസ്. എസ്. സ്ഥാപക നേതാവുമാണ് മന്നത്ത് പത്മനാഭൻ . കേരളം കണ്ട ഏറ്റവും മികച്ച പ്രഭാഷകരിൽ ഒരാൾ. 1878 ജനുവരി രണ്ടിന് ചങ്ങനാശ്ശേരി പെരുന്നയിൽ ജനിച്ചു. മന്നത്ത് പാർവതി അമ്മയും നീലമന ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിയുമാണ് മാതാപിതാക്കൾ. കുട്ടിക്കാലം കഷ്ടപ്പാടിന്റേതായിരുന്നു. മികച്ച അഭിഭാഷകനായി പേരെടുത്ത് തുടങ്ങിയ കാലത്ത് ജോലി ഉപേക്ഷിച്ച് സാമൂഹിക രംഗത്തിറങ്ങി. ഹിന്ദു മതത്തിലെ അനാചാരങ്ങളും ജീർണ്ണതയുമാണ് മന്നത്തിനെ ചിന്താധീനനാക്കിയത്. 1914 ഒക്ടോബർ 31 നു മറ്റു പതിമ്മൂന്നു പേർക്കൊപ്പം സ്ഥാപിച്ചതാണ് നായർ സർവീസ് സൊസൈറ്റി . സാമൂഹിക പരിഷ്കരണം ലക്ഷ്യമാക്കി അനവധി സ്കൂളുകളും സാമുദായിക പ്രസ്ഥാനങ്ങളും സ്ഥാപിച്ച മന്നം സാമൂഹിക വിപ്ലവങ്ങൾക്കും നേതൃത്വം വഹിച്ചു. 1929 ൽ ഗുരുവായൂർ സത്യാഗ്രഹത്തിൽ പ്രധാനിയായി. അതിനുമുൻപ് 1917 -ൽ ചങ്ങനാശ്ശേരിയിലെ കുടുംബ ക്ഷേത്രം അധഃസ്ഥിതർക്കായി തുറന്നു കൊടുത്ത് അയിത്തോച്ചാടനത്തിനു മാതൃക കാട്ടി. 1959 -ൽ ‘വിമോചന സമര’ ത്തിന് നേതൃത്വം നൽകി. 1959 -ൽ ‘ഭാരത കേസരി’ സ്ഥാനവും 1960 -ൽ ‘പത്മഭൂഷൺ’ ബഹുമതിയും ലഭിച്ചു. 1970 ഫെബ്രുവരി 25 മന്നത്ത് പത്മനാഭൻ അന്തരിച്ചു. 1950 ഫെബ്രുവരിയിൽ ‘പിള്ള’ എന്ന സമുദായ നാമം ഉപേക്ഷിച്ച് ‘മന്നത്ത് പത്മനാഭൻ’ ആയി മാറിയ അദ്ദേഹം ജാതീയമായ അസമത്വങ്ങൾക്കെതിരെ നിലകൊണ്ട മഹാ പുരുഷനായിരുന്നു. “എന്റെ ജീവിത സ്മരണകൾ’ ആണ് മന്നത്തിന്റെ ആത്മകഥ.
——————————————————————–ഡോക്ടർ സുരേഷ് മാധവ്